ടെസ്സില്‍ നിന്ന്
ടെസ്സയിലേക്കെത്തുമ്പോള്‍....
തോമസ് ഹാര്‍ഡിയുടെ ടെസ്
വിക്ടോറിയന്‍ സമൂഹത്തിലുണ്ടാക്കിയ ഞെട്ടല്‍ ഏതായാലും ആഷിക് അബുവിന്റെ ടെസ്സ
സമകാലിക കേരളീയ സമൂഹത്തില്‍ സൃഷ്ടിച്ചിട്ടില്ല. A
Dolls House എന്ന ഇബ്സന്‍
നാടകത്തിലെ നോറ നാടകാന്ത്യത്തില്‍ വീടിന്റെ വാതില്‍ പുറത്തുനിന്നു
വലിച്ചടച്ചപ്പോള്‍ ആ ശബ്ദം കേട്ട് യൂറോപ്പ് മുഴുവന്‍ നടുങ്ങി എന്ന് പറയാറുണ്ട്.
അതുപോലെയൊരു നടുക്കം ഏതായാലും 22 Female Kottayam കണ്ടപ്പോള്‍ മലയാളിക്ക്
ഉണ്ടായിക്കാണില്ല. കേരളീയര്‍ ഈ ചലച്ചിത്രം അവതരിപ്പിച്ചതും മുന്നോട്ടുവെച്ചതുമായ
ആശയങ്ങളോടു (നായിക നായകനോടുള്ള പ്രതികാരം നടപ്പാക്കുന്ന രീതിയൊഴിച്ച്) ഒരുപാട്
പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നത് തന്നെ കാരണം. ഇതുവരെ മലയാള സിനിമ
ഒളിഞ്ഞും തെളിഞ്ഞും മുക്കിയും മൂളിയും പറഞ്ഞതും പറയാന്‍ ശ്രമിച്ചതുമായ കുറെ
സത്യങ്ങള്‍ വെട്ടിത്തുറന്നങ്ങു പറഞ്ഞു എന്നതാണ് ആഷിക് അബുവിന്റെ സിനിമയുടെ ഏറ്റവും
വലിയ പ്രത്യേകതയെന്ന് വേണമെങ്കില്‍ പറയാം. (പദ്മരാജന്റെയും മറ്റും സിനിമകള്‍
അപവാദമാകാം). സ്ത്രീപക്ഷ സിനിമ എന്ന അണിയറശില്പ്പികളുടെ വാദം അംഗീകരിക്കാന്‍
പറ്റില്ലെങ്കിലും പുരുഷന്‍ ആയിക്കൊണ്ട് തന്നെ സ്ത്രീമനസിനെ, അവളുടെ വീക്ഷണകോണിലൂടെ
കാണാന്‍ ശ്രമിക്കുന്നു എന്നതില്‍ തന്നെ പ്രകടമായ വ്യത്യസ്തതയുണ്ട്. (സ്ത്രീകള്‍
ആരും തന്നെ ഈ സിനിമയുടെ അണിയറയില്‍ ഇല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.)
A
Pure Woman എന്ന സബ്ടെയിറ്റിലുമായി പുറത്തു
വന്ന ഹാര്‍ഡിയുടെ ടെസ് എന്ന നോവല്‍ വിക്ടോറിയന്‍ കപടസദാചാരബോധത്തെ ചോദ്യം
ചെയ്യുന്നതായിരുന്നു. താരതമ്യേന താഴ്ന്ന ജീവിത സാഹചര്യത്തില്‍ ജീവിക്കുന്ന
ടെസ്സിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായിട്ടും അല്ലാതെയും ഉണ്ടാവുന്ന ദുരന്തങ്ങളും
പുരുഷ കഥാപാത്രങ്ങളുടെ ക്രൂരതയും ദയയില്ലായ്മയും സ്ത്രീമനസ്സിനെ മനസ്സിലാക്കുന്നതില്‍
ഉള്ള അവരുടെ കഴിവില്ലായ്മയുമൊക്കെ മനോഹരമായി ആവിഷ്കരിച്ച ആ നോവല്‍ പക്ഷെ വിമര്‍ശകര്‍ക്ക്
നല്ലൊരു ആയുധമാവുകയാണ് ഉണ്ടായത്. ടെസ്സിനെ ‘നിഷ്കളങ്കയായ യുവതി’ എന്ന്
വിശേഷിപ്പിച്ചത് അവര്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. തന്റെ കന്യകാത്വം
കശക്കിയെറിഞ്ഞ അലക്കിനെ സഹികെട്ടു അവള്‍ വകവരുത്തുമ്പോഴും ആ തെറ്റിന്റെ മൂലകാരണം
മനസ്സിലാക്കുന്നതില്‍ പുരുഷ കേന്ദ്രീകൃതമായ ജുഡീഷ്യറി പരാജയപ്പെടുകയാണ്. മരണശിക്ഷ
ധൈര്യത്തോടെ ഏറ്റുവാങ്ങുന്ന ടെസ് അനുവാചകമനസ്സില്‍ ഇന്നും നൊമ്പരമാണ് അവശേഷിപ്പിക്കുന്നത്.
“Justice
was done and the President of the Immortals had ended his sport with Tess” എന്ന നോവലിന്റെ അവസാന
വാചകത്തില്‍ എല്ലാമുണ്ട്, ദുഖവും രോഷവും സഹാനുഭൂതിയും പരിഹാസവും നെടുവീര്‍പ്പും
എല്ലാം.
ടെസ്സും ടെസ്സയും
കഥാരംഭത്തില്‍ വളരെ ഫ്രജൈല്‍ ആണ്. ടെസ് അവസാനം വരെയും അങ്ങനെ തന്നെ തുടരുമ്പോള്‍
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ടെസ്സ കാലത്തിനനുസരിച്ചു കുറച്ചൊക്കെ മാറിചിന്തിക്കുകയാണ്.
തന്റെ കന്യകാത്വനഷ്ടത്തിന്റെ കഥ കാമുകനോട് വെളിപ്പെടുത്താന്‍ ടെസ്സിനു
ആദ്യരാത്രിയില്‍ മാത്രമാണ് കഴിയുന്നത്. (പറയാന്‍ കാമുകന്‍ സമ്മതിച്ചിരുന്നില്ല
എന്ന കാര്യം മറക്കുന്നില്ല). എന്നാല്‍ ഉത്തരാധുനിക സമൂഹത്തിലെ ടെസ്സ
സിറിലുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയില്‍
തന്നെ അത് പച്ചയായി വെളിപ്പെടുത്തുന്നു. പകല്‍വെളിച്ചത്തില്‍ മാത്രം സദാചാരം
പ്രസംഗിക്കുന്നവരുടെ മുഖത്തേറ്റ കനത്ത അടിയാണ് ആ വെളിപ്പെടുത്തല്‍.
കേരളീയസമൂഹം അധാര്മികതയോടും
അശ്ലീലതയോടും ഒരുപാട് പൊരുത്തപ്പെട്ടു പോയിരിക്കുന്നു. അത്കൊണ്ട്തന്നെ ഇത്തരം
വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രങ്ങള്‍ പ്രേക്ഷകരുടെ മനസ്സ് തുറപ്പിക്കുമെന്നോ
സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ട്ടിക്കുമെന്നോ ഒക്കെ വിചാരിക്കുന്നത് വെറുതെയാണ്.
ഒരു സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച സൂപ്പര്‍താരകഥാപാത്രം പറയുന്നത്പോലെ
കലാസൃഷ്ട്ടികള്‍ക്ക് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഇതുവരെയും
സാധിച്ചിട്ടില്ല. എങ്കിലും art for art’s sake എന്ന സിദ്ധാന്തം പച്ചപിടിക്കാത്തിടത്തോളം ധാര്‍മികതയെ
തൊട്ടുണര്‍ത്താന്‍ ശ്രമിക്കുന്ന ചിത്രങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കണം! ഒന്നുമില്ലെന്കില്‍
സ്വമനസാക്ഷിയെ തൃപ്തിപ്പെടുത്താനെന്കിലും!