GREAT BOOKS WILL BE WRITTEN ONLY WHEN WE BECOME GREAT READERS

Tuesday 10 April 2012


രാഷ്ട്രപതി ഭവനില്‍ ഇനി ആര്?

റയിസിനാ ഹില്ലിലേക്കുള്ള പുതിയ താമസക്കാരനെ / താമസക്കാരിയെ കണ്ടെത്താന്‍ അണിയറയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി വാര്‍ത്തകള്‍. ഇന്ത്യന്‍ ഭരണ വ്യവസ്ഥയനുസരിച്ചു രാഷ്ട്രപതിക്ക് അധികാരത്തില്‍  വലിയ റോള്‍ ഒന്നും ഇല്ലെന്നാണ് പൊതുവെയുള്ള വെപ്പ്. വര്‍ഷാവര്‍ഷം ജനുവരി മാസത്തില്‍ പാര്‍ലമെന്റില്‍ വെച്ചു ചടങ്ങ് തീര്‍ക്കുന്നത്പോലെ ഒരു നയപ്രഖ്യാപന പ്രസംഗം (അതും കേന്ദ്ര ഗവണ്മെന്റിലെ വിശുദ്ധരാക്കപ്പെട്ട ചുരുക്കെഴുത്തുകാര്‍ തയാറാക്കിക്കൊടുക്കുന്നത്), റിപ്പബ്ലിക്‌ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തല്‍, കേന്ദ്ര കാബിനെറ്റിന്റെ രൂപീകരണം, മന്ത്രിമാരുടെ സത്യപ്രതിഞ്ഞ, ചില വിദേശ സന്ദര്‍ശനങ്ങള്‍ എന്നീ അവസരങ്ങളില്‍ മാത്രമാണ് സാധാരണയായി പ്രസിഡന്റ് തന്റെ സാന്നിധ്യം അറിയിക്കാരുള്ളത്.

പ്രസിഡന്റ് ഇലക്ഷന്‍ സാധാരണ പാര്‍ലമെന്റ്റ്‌ ഇലക്ഷന്‍ പോലെ അത്ര കളര്‍ഫുള്‍ ആവാറില്ല. എന്നിരുന്നാലും പാര്‍ട്ടികള്‍ തമ്മിലുള്ള ശക്തി പരീക്ഷണ വേദിയായും രാഷ്ട്രീയ തന്ത്രങ്ങളുടെ പരീക്ഷനശാലയായും പലപ്പോഴും രാഷ്ട്രപതി തെരഞ്ഞെടുപ്പ് മാറിയിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പ്രത്യേക രീതിയനുസരിച്ച് ദേശീയ കക്ഷികള്‍ക്ക് ഒറ്റയ്ക്ക് ഒരു സ്ഥാനാര്‍ഥിയെ ജയിപ്പിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. കൂട്ടുകക്ഷി ഭരണം വ്യാപകമായ ഇക്കാലത്ത് പ്രത്യേകിച്ചും. നമ്മുടെ പ്രധാനമന്ത്രി ഇടയ്ക്കിടയ്ക്ക് പ്രാസമൊപ്പിച്ച് പറയാറില്ലേ Coalition  compulsion   എന്ന്.... അതാണിപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അവസ്ഥ. അത്കൊണ്ട് രാഷ്ട്രീയ പിന്തുണയും കഴിവും യോഗ്യതയും ഉള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ മുഖ്യധാരാ പാര്‍ട്ടികള്‍ കുറച്ചു വിയര്‍പ്പൊഴുക്കേണ്ടിവരും.

കഴിഞ്ഞ ലക്കം ദി വീക്ക്‌ മാഗസിന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്തിരുന്നു. കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനും ധനകാര്യമന്ത്രിയും മുതിര്‍ന്ന കോന്ഗ്രസ് നേതാവുമായ പ്രണബ്‌ മുഖര്‍ജി ആണ് ലിസ്റ്റിലെ ഒന്നാം പേരുകാരന്‍. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, കേന്ദ്ര മന്ത്രി ഫാരുഖ്‌ അബ്ദുള്ള, എന്‍ഡിഎ കന്‍വീനര  ശരദ്‌ യാദവ്‌, സ്പീക്കര്‍ മീരാ കുമാര്‍ തുടങ്ങിയവര്‍ പട്ടികയിലുണ്ട്. എല്ലാവരും തനിരാഷ്ട്രീയക്കാര്‍. മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെയും ഡല്‍ഹി മെട്രോ മുന്‍ ചെയര്‍മാന്‍ ഇ ശ്രീധരന്റെയും പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നു.

രാഷ്ട്രപതി സ്ഥാനം  അലങ്കാരം മാത്രമാണ്, അധികാരമല്ലെന്ന് ഉറപ്പുണ്ടെങ്കില്‍ പിന്നെന്തിനാണ് രാഷ്ട്രീയക്കാരെയെല്ലാം ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്? ആ ഒരു പരമോന്നത പദവിയെങ്കിലും രാഷ്ട്രീയേതര മേഖലയിലുള്ളവര്‍ക്ക് സമ്മാനിച്ചുകൂടെ? അബ്ദുല്‍ കലാം വരെയുള്ള എല്ലാ രാഷ്ട്രപതിമാര്‍ക്കും ആ പദവിയിലെത്തും മുന്‍പ്‌ തന്നെ ജനങ്ങളുടെ ഇടയില്‍ സ്വാധീനവും ഇടവും ആദരവും ഉണ്ടായിരുന്നു. ഡോ. രാധാകൃഷ്ണന്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ വിദ്യാഭ്യാസ വിചക്ഷണര്‍ ആയിരുന്നു. ശങ്കര്ദയാല്‍ ശര്‍മ്മയും കെ ആര്‍ നാരായണനും രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ ഇഷ്ടക്കാരായിരുന്നു. കലാം ആകട്ടെ ഇന്ത്യയുടെ ശാസ്ത്ര പുരോഗതിക്ക് ആക്കം കൂട്ടിയ ഒരു തലമുറയുടെ പ്രതിനിധിയും. രാഷ്ട്രപതിസ്ഥാനത്തെത്തും മുന്‍പ്‌ തന്നെ ഭാരതരത്നം സമ്മാനിക്കപ്പെട്ട വ്യക്തി.

ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡണ്ട് എന്ന സവിശേഷതയുമായി പ്രതിഭാ പാട്ടീല്‍ കടന്നു വന്നപ്പോള്‍ രാജ്യത്തെ വനിതകളുടെ സകല പ്രശ്നങ്ങളും ഇതാ തീരാന്‍ പോകുന്നു എന്നാ മിഥ്യാധാരണയൊന്നും ആര്‍ക്കുമുണ്ടായിരുന്നില്ല. പക്ഷെ പലരും പലതും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, യുവര്‍ ഹൈനെസ് മിസിസ് പ്രസിഡന്റ്, ഞങ്ങള്‍ക്ക് നിരാശയുണ്ട്.

രാഷ്ട്രപതിക്ക് എന്തെല്ലാം ചെയ്യാമെന്ന് കാണിച്ചു തന്നവരായിരുന്നു കെ ആര്‍ നാരായണനും അബ്ദുല്‍ കലാമും. അന്നുവരെ രാഷ്ട്രപതിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലാത്ത പല അവസരങ്ങളിലും നാരായണന്‍ ഇടപെട്ടു. രാഷ്ട്രീയ ഇന്ത്യ അതിശയിച്ചു നിന്നു അപ്പോഴൊക്കെ. കലാം ആകട്ടെ ദന്തഗോപുരങ്ങളില്‍ അടങ്ങിയിരിക്കുന്നയാളല്ല പ്രസിഡന്റ് എന്ന് കാണിച്ചു തന്നു. ഭാരതത്തിലെ നാളത്തെ പൌരന്മാരുമായി ആയിരക്കണക്കിനു വേദികള്‍ പങ്കിട്ടു. അവരുടെ മനസ്സറിയാന്‍ ശ്രമിച്ചു, അവരെ പ്രോല്‍സാഹിപ്പിച്ചു.   കെ ആര്‍ നാരായണന്‍ താഴെക്കിടയില്‍ നിന്ന് ഉന്നതപദവിയിലേക്ക് പറന്നു  പോയതാനെന്കില്‍ അബ്ദുല്‍ കലാം ഉന്നത പദവിയില്‍ നിന്ന് താഴെക്കിടയിലേക്ക് ഊളിയിട്ടിറങ്ങുകയായിരുന്നു. അങ്ങനെ രണ്ടുപേരും ഇന്ത്യന്‍ ജനതയുടെ മാനസകൊട്ടാരത്തിലെ രാജകുമാരന്മാരായി.

പ്രതീക്ഷിക്കാതെ പോലും ചിലത് വീണു കിട്ടിയാല്‍ പിന്നെ കിട്ടിയതിലേറെ പ്രതീക്ഷിക്കും. അത് മനുഷ്യന്റെ സഹജമായ സ്വഭാവമാണ്. അതുകൊണ്ടാണ് ഇന്ത്യന്‍ ജനത കലാമിനെക്കാളും കെ ആര്‍ നാരായനനെക്കാളും മികച്ച ഒരു പ്രസിഡന്റിനെ പ്രതീക്ഷിക്കുന്നത്, ആഗ്രഹിക്കുന്നത്. അത് കലാമിന് തന്നെ രണ്ടാമൂഴം നല്കണമെന്നോ ഇ ശ്രീധരന്‍ തന്നെ വേണമെന്നോ അല്ല, അവര്‍ അല്ലെങ്കില്‍ അവരെപ്പോലെ, അതുമല്ലെങ്കില്‍  അവരേക്കാള്‍ നല്ല വ്യക്തികളെ ഈ പരമോന്നത സ്ഥാനത്തേക്ക് നിങ്ങള്‍ രാഷ്ട്രീയക്കാര്‍ കൊണ്ടുവരിക. അവര്‍ക്ക് ഈ രാജ്യത്തിന് വേണ്ടി എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ അത് നിങ്ങളുടെ ക്രഡിറ്റിലും പെടുത്താം. .
ശുഭവാര്‍ത്ത പ്രതീക്ഷിച്ച്കൊന്ദ്‌ നിര്ത്തുന്നു.......


No comments:

Post a Comment