GREAT BOOKS WILL BE WRITTEN ONLY WHEN WE BECOME GREAT READERS

Tuesday, 5 February 2013


വായനയുടെ ആദ്യവസന്തകാലം

കായംകുളം എം.എസ്‌.എം കോളേജില്‍ ബി എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ ക്ലാസ്സുകള്‍ ആരംഭിച്ച ദിവസം. കോളേജ് ജീവിതത്തിന്റെ ഒന്നാം ദിനം. ആദ്യമായി ക്ലാസിലേക്ക് വന്ന റുബീന ടീച്ചര്‍ ഞങ്ങളില്‍ ഓരോരുത്തരോടും പ്രത്യേകം ചോദിച്ചു. ഇംഗ്ലീഷ് സാഹിത്യം ഐച്ചികവിഷയമായി എടുക്കാനുള്ള കാരണം. മറ്റൊരു കോഴ്സ് അഞ്ചാം ദിവസം അവസാനിപ്പിച്ചു പതിനായിരം രൂപയും വെള്ളത്തിലെറിഞ്ഞു വേറെ നിവൃത്തിയില്ലാതെ എടുത്ത കോഴ്സ് ആയിരുന്നു ഇംഗ്ലീഷ് എന്നത് പകുതി സത്യമായിരുന്നുവെങ്കിലും ഞാന്‍ മറ്റൊന്നുമാലോചിക്കാതെ മറുപടി നല്‍കി. “വായന ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഭാഷയും സാഹിത്യവും.”

അടുത്ത കൂട്ടുകാര്‍ക്കിടയില്‍ ചെറുപ്പത്തിലെ തന്നെ എന്നെ ഒറ്റപ്പെടുത്തി  നിര്‍ത്തിയ കാര്യമായിരുന്നു വായന. എന്ത് കിട്ടിയാലും വായിച്ചു വിഴുങ്ങുക എന്നത് ശീലമാക്കിയ കാലം. നാലാം ക്ലാസ്സിന്റെ മധ്യവേനലവധി സമയത്താണെന്ന് തോന്നുന്നു, വാപ്പിച്ച ഹാളിലെ അലമാരയില്‍ നിന്ന് എം അച്യുതന്‍ മാഷ്‌ വിവര്‍ത്തനം ചെയ്ത ആയിരത്തൊന്നു രാവുകള്‍ എന്ന ക്ലാസ്സിക് ബുക്ക് എനിക്കെടുത്തു തന്നത്.  അതില്‍ ആദ്യം വായിച്ച കഥയും ഓര്‍മയുണ്ട്. മൂന്നു ആപ്പിള്കളുടെയും റൈഹാന്‍ എന്ന അടിമയുടെയും കഥ. പിന്നീട് എന്റെ പകലുകള്‍ ‘രാവുകളില്‍’ ആയിരുന്നു. ആ വലിയ കഥാപുസ്തകത്തിലെ ഭൂരിഭാഗം കഥകളും ഞാന്‍ ഒരു വര്‍ഷത്തിനുള്ളില്‍ വായിച്ചു കഴിഞ്ഞിരുന്നു. ആ കഥാസാഗരത്തിലെ എനിക്ക് പ്രിയപ്പെട്ടത് ഉമര്‍ അല്‍ നുമാന്റെയും പുത്രന്മാരായ ഷെര്ഖാന്റെയും ദു അല്‍മകാന്റെയും കഥയാണ്. അത് തന്നെയാണ് രാവുകളിലെ ഏറ്റവും വലിയ കഥയും. നിര്‍ഭാഗ്യവശാല്‍ ആയിരത്തൊന്നു രാവുകളെപ്പറ്റി നന്നായി കേട്ടിട്ടുള്ളവര്‍പോലും ഈ കഥയെപ്പറ്റി അജ്ഞരാണ്. മലയാളത്തില്‍ ഉണ്ടായിട്ടുള്ള ‘രാവുകളു’ടെ ഏറ്റവും നല്ല വിവര്‍ത്തനം അച്യുതന്‍ മാഷിന്റേതു തന്നെയാണെന്ന കാര്യം ഇത്തരുണത്തില്‍ ഓര്‍മപ്പെടുത്തട്ടെ. 
ലോകസാഹിത്യപടുക്കള്‍ക്കിടയില്‍ അറേബ്യന്‍ കഥകളുടെ സ്വാധീനവും വിശേഷമാണ്. ഇംഗ്ലീഷ് മഹാകവി എസ് റ്റി കോളെറിഡ്ജ് തന്റെ കുട്ടികാലത്ത് അറേബ്യന്‍കഥകളില്‍ മുഴുകി ആ മായാലോകത്തില്‍ ഭ്രമിച്ചിരുന്നപ്പോള്‍ മകന്റെ മാനസികനിലയില്‍ ആശങ്ക പൂണ്ട പിതാവ് ഈ പുസ്തകം തീയിട്ടു നശിപ്പിച്ചുവത്രേ. തന്റെ സ്പെക്റ്റെറ്റര്‍ എന്ന പത്രത്തില്‍ 1712 ല്‍ ജോസഫ് അഡിസന്‍ ആയിരത്തൊന്നു രാവുകളെപ്പറ്റി ലേഖനം എഴുതിയിട്ടുണ്ട്.

 നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ വാപ്പിച്ചയുടെ സ്കൂളില്‍ പലതവണ ഞാന്‍ പോയിട്ടുണ്ട്. എപ്പോഴും മടങ്ങി വരിക സ്കൂള്‍ ലൈബ്രറിയിലെ ഒരു കെട്ട് പുസ്തകങ്ങളുമായിട്ടാണ്. കുട്ടികളുടെ രാമായണവും മഹാഭാരതവും (മാലീ മാധവന്‍ നായര്‍ എഴുതിയവ) വിക്രമാദിത്യ കഥകളും എനിക്ക് വാപ്പിച്ച അവിടെ നിന്ന് എടുത്തു തന്ന പുസ്തകങ്ങളായിരുന്നു.  ഈസോപ്പ് കഥകളും പഞ്ചതന്ത്രം കഥകളും വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.. പഞ്ചതന്ത്രം കഥകളുടെ അറബി വേര്‍ഷന്‍ ആയ കലില വ ദിമ്ന യുടെ മലയാളം വിവര്‍ത്തനം ആ കാലത്ത് തന്നെ മാധ്യമം പത്രത്തിന്റെ ശനിയാഴ്ചപ്പതിപ്പായ കുടുംബ മാധ്യമത്തില്‍ സീരിയലായി പ്രസിദ്ധീകരിച്ചു വന്നിരുന്നു. അതും ഞാന്‍ വായിച്ചു വന്നു. ഈയിടെ ഒരു പുസ്തകശാലയില്‍ വെച്ചു യാദൃശ്ചികമായി കണ്ട ഈ പരമ്പരയുടെ പുസ്തകരൂപം ഞാന്‍ അപ്പോള്‍ തന്നെ സ്വന്തമാക്കി. അഞ്ചാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ ആസാദ് മാമ വാങ്ങിത്തന്ന രണ്ടു പുസ്തകങ്ങള്‍ - കുട്ടികളുടെ പ്രവാചകന്‍, മൂസാ നബിയും ഫിര്‍ഔനും - വായിച്ചതും ഓര്‍മയുണ്ട്. എറണാകുളത്തുള്ള ഷാഹിന മാമിയുടെ പിതാവ് അബ്ദുല്‍റഹ്മാന്‍ കാക്കനാട് ഒരു കവിയും എഴുത്തുകാരനും പത്രാധിപരും ഒക്കെയായിരുന്നു. (അദ്ദേഹം പ്രിയംവദ എന്ന പേരില്‍ ഒരു പത്രം നടത്തിയിരുന്നു) അദ്ദേഹം രചിച്ച കുട്ടികളുടെ നബിചരിത്രം എന്ന പുസ്തകവും വായനക്കൂട്ടത്തിലുണ്ട്.

എഴാം ക്ലാസിലെ മലയാളം സപ്ളിമെന്ടറി പുസ്തകമായിരുന്ന മാലിയുടെ സര്‍ക്കസും പോരാട്ടവും പലര്‍ക്കും ഓര്‍മയുണ്ടാവും. മൃഗങ്ങള്‍ നടത്തുന്ന സര്‍ക്കസ് കമ്പനിയുടെ അല്ഭുതകഥ പറയുന്ന സര്‍ക്കസും തിരുനാവായയില്‍ വെച്ചു നൂറ്റാണ്ടുകള്‍ക്കു മുന്പ് നടന്നിരുന്ന മാമാങ്കത്തിന്റെയും കോഴിക്കോട് സാമൂതിരിയും  വേണാട്ടരചനും തമ്മിലുള്ള മത്സരത്തിന്റെയും പശ്ചാത്തലത്തില്‍ കുങ്കന്‍, കോരന്‍ എന്നീ സുഹൃത്തുക്കളുടെ പോരാട്ടകഥ വിവരിക്കുന്ന പോരാട്ടവും അക്കാലത്തെ കുട്ടികളെ ശെരിക്കും ത്രസിപ്പിച്ചിരുന്നു.

മൂന്നാം ക്ലാസില്‍ വെച്ചാണ് വീട്ടില്‍ ബാലരമ വരുത്താന്‍ തുടങ്ങിയത്. വീട്ടിലെത്തിയ ആദ്യ ലക്കം ക്രിസ്മസ് പതിപ്പായിരുന്നു. അതിലെ ചില കഥകള്‍ ഇപ്പോഴും ഓര്‍മയിലുണ്ട്. ബാലരമയില്‍ അക്കാലത്തു  പ്രസിദ്ധീകരിച്ചിരുന്ന നോവലുകള്‍ ഉദാത്ത ബാലസാഹിത്യത്തിന്റെ ഉത്തമോദാഹരണങ്ങള്‍  ആയിരുന്നു. അടുത്തടുത്ത് പ്രസിദ്ധീകരിച്ചിരുന്ന രത്നഗിരിക്കോട്ട, മായാദ്വീപ് എന്നീ നോവലുകള്‍ മറന്നിട്ടില്ല. അക്കാലത്ത് തന്നെയാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ പ്രശസ്തമായ ബംഗാളി നോവല്‍ ദുര്‍ഗേശനന്ദിനി  ബാലരമയി;ല്‍ ചിത്രകഥാരൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത്. അതിലെ വിമല എന്ന കഥാപാത്രം ഇപ്പോഴും ഓര്‍മകളില്‍ പച്ചപിടിച്ചുനില്‍പ്പുണ്ട്. എം. എ കഴിഞ്ഞു യുജിസി നെറ്റ് എക്സാമിന് തയാറെടുക്കുന്ന വേളയില്‍ ഇന്ത്യന്‍ ഇംഗ്ലീഷ് ഫിക്ഷന്‍ വിഭാഗത്തില്‍ ഈ നോവലിന്റെ പേര് വായിച്ചപ്പോള്‍ രസകരമായിരുന്ന ആ വായനാനാളുകള്‍ ഗൃഹാതുരതയോടെ ഓര്‍ത്ത്പോയി. ഒപ്പം വിമലയെയും!

വിരോധാഭാസം എന്ന് പറയാവുന്നത്, ഈ കാലത്ത് ഞാന്‍ വായിച്ചവയില്‍ എന്റെ ഇപ്പോഴത്തെ വിഷയമായ ഇംഗ്ലീഷ് സാഹിത്യത്തില്‍ നിന്ന് വളരെ കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. ഒട്ടുമില്ല എന്ന്തന്നെ പറയാം. ഷെയ്ക്സ്പിയറിനെപ്പറ്റി ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് ഒന്‍പതാം ക്ലാസില്‍ വെച്ചാണെന്ന് തോന്നുന്നു! പത്താം ക്ലാസ്സില്‍ വെച്ചു താലൂക്ക്തല വായനാമല്സരത്തിനു സ്കൂളില്‍ നിന്ന് തിരഞ്ഞെടുത്തപ്പോള്‍ വായനയ്ക്കായി തന്നിരുന്ന ബുക്സില്‍ അന്ന സിവലിന്റെ ബ്ലാക്ക് ബ്യൂട്ടി എന്ന പ്രശസ്ത നോവല്‍ ഉണ്ടായിരുന്നു. ബ്ലാക്ക് ബ്യൂട്ടി എന്ന കുതിരയുടെ ആത്മകഥയാണ് ഈ മനോഹരനോവല്‍

കഥകളോ കവിതകളോ എഴുതാന്‍ പറ്റുന്ന തരത്തില്‍ എന്റെ സര്‍ഗശേഷി പുഷ്ടിപ്പെട്ടില്ലെങ്കിലും വായിക്കുന്ന പുസ്തകങ്ങളെ നിരൂപിക്കാനുള്ള ഒരു ആഗ്രഹവും താല്‍പര്യവും (കഴിവുണ്ടെന്ന് പറയുന്നില്ല) ഒക്കെ പിന്നീട് തോന്നിയത് കുട്ടിക്കാലത്തെ ആ ‘കുഞ്ഞു വലിയ’ വായനകളില്‍നിന്നായിരുന്നു. ഇപ്പോഴും നല്ല വായനാശീലമുള്ള എന്റെ കൂട്ടുകാരോട് ഞാന്‍ ചോദിക്കാറുണ്ട്, ആയിരത്തൊന്നു രാവുകളോ വിക്രമാദിത്യകഥകളോ പഞ്ചതന്ത്രം കഥകളോ മുഴുവന്‍ വായിച്ചിട്ടുണ്ടോ എന്ന്. പലരുടെയും മറുപടി എപ്പോഴും നിഷേധാര്‍ഥത്തിലാണ്‌. കുട്ടികളുടെ രാമായണവും മഹാഭാരതവും വായിച്ചിട്ടുള്ളവരും അധികമില്ല. വാമൊഴിക്കഥകളില്ലായിരുന്നുവെങ്കില്‍ വരമൊഴിസാഹിത്യം ഉണ്ടാകുമായിരുന്നില്ല എന്ന വസ്തുത പലര്‍ക്കും അറിയില്ല. ഇത്തരം പ്രാചീന കഥച്ചെപ്പുകളില്‍ നിന്നാണ് ഉത്തരാധുനിക സാഹിത്യകാരന്മാര്‍ക്കും  ‘സ്പാര്‍ക്കുകള്‍’ കിട്ടുന്നതെന്ന സത്യവും പലര്‍ക്കും അജ്ഞാതം.





7 comments:

  1. ഇത്തരം പ്രാചീന കഥച്ചെപ്പുകളില്‍ നിന്നാണ് ഉത്തരാധുനിക സാഹിത്യകാരന്മാര്‍ക്കും ‘സ്പാര്‍ക്കുകള്‍’ കിട്ടുന്നതെന്ന സത്യവും പലര്‍ക്കും അജ്ഞാതം.
    :)...

    ReplyDelete
  2. എഴാം ക്ലാസിലെ മലയാളം സപ്ളിമെന്ടറി പുസ്തകമായിരുന്ന മാലിയുടെ സര്‍ക്കസും പോരാട്ടവും പലര്‍ക്കും ഓര്‍മയുണ്ടാവും. മൃഗങ്ങള്‍ നടത്തുന്ന സര്‍ക്കസ് കമ്പനിയുടെ അല്ഭുതകഥ പറയുന്ന സര്‍ക്കസും തിരുനാവായയില്‍ വെച്ചു നൂറ്റാണ്ടുകള്‍ക്കു മുന്പ് നടന്നിരുന്ന മാമാങ്കത്തിന്റെയും കോഴിക്കോട് സാമൂതിരിയും വേണാട്ടരചനും തമ്മിലുള്ള മത്സരത്തിന്റെയും പശ്ചാത്തലത്തില്‍ കുങ്കന്‍, കോരന്‍ എന്നീ സുഹൃത്തുക്കളുടെ പോരാട്ടകഥ വിവരിക്കുന്ന പോരാട്ടവും അക്കാലത്തെ കുട്ടികളെ ശെരിക്കും ത്രസിപ്പിച്ചിരുന്നു.. ee pusthakam evide ninnengilum ippol kittumo??

    ReplyDelete
    Replies
    1. dc ബുക്സ്‌ കുങ്കന്റെയും കോരന്റെയും കഥ പറയുന്ന പോരാട്ടം പുസ്തകമാക്കിയിട്ടുണ്ട്‌ dc ബുക്‌ ഷോപ്പിൽ കിട്ടും.

      Delete
    2. ഞാനും അന്വേഷിക്കുകയാണ് എവിടെ കിട്ടും. ദയവായി ഡീറ്റൈൽസ് പറയണേ

      Delete
  3. ഞാനും അന്വേഷിച്ചു നടക്കുകയാണ്‌ സർക്കസും പോരാട്ടവും...

    ReplyDelete
  4. ഞാനും sarkkasum poraltaum tuhappi aanu ee pagil athiyathu... aarkkenkilum kittiyal plz inform me.. shyamjith77@gmai.com

    ReplyDelete
  5. Sarkkassum poraattavum കിട്ടുമോ ?

    ReplyDelete